വിദ്യാർത്ഥിക്കെതിരായ വധശ്രമം: 16 പേരെക്കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കൂടുതൽ പേരെ പ്രതിചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
സംഘർഷത്തിൽ കോളേജിന് പുറത്തുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ ഇന്നലെ പതിനാൽ ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.
ഇന്നലെ പുലർച്ചെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസിന്‍റെ പിടിയിലായെങ്കിലും ആയുധം എവിടെ ഒളിപ്പിച്ചുവെന്നതിന്‍റെ ഒരു സൂചനയും പ്രതികൾ പോലീസിന് നൽകിയിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും.
എസ്.എഫ്.ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ അഖിലിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

