വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു : സർവീസ് റദ്ദാക്കി
കൊച്ചി : പറന്നുയരാൻ വിമാനം റൺവേയിലേക്കു നീങ്ങുന്നതിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നതിനെത്തുടർന്ന് ഇൻഡിഗോ സർവീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് നാലു മണിയോടെ ഹുബ്ബള്ളിയിലേക്കു പോകേണ്ട വിമാനമാണു റദ്ദാക്കിയത്.
ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത്. ടാക്സിബേയിൽനിന്നു റൺവേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകൾ അസ്വാഭാവികമാംവിധം മിന്നിയത് എന്തോ അത്യാഹിതം ഉണ്ടാകുന്നതാണെന്ന പേടിയിലാണ് ആഷിക് വാതിൽ തുറന്നതെന്ന് കരുതുന്നു.
എമർജൻസി വാതിൽ തുറന്നാൽ വിമാനത്തിൽനിന്ന് അത് അടർന്നു മാറുമെന്നതിനാൽ ആ തകരാർ പരിഹരിക്കാതെ തുടർന്നു പറത്താൻ കഴിയില്ല. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളിൽ യാത്രയാക്കി.
