സംസ്ഥാനത്തെ ഗവ. പ്രസു­കളിൽ യന്ത്രങ്ങൾ വാ­ങ്ങി­യതിൽ വൻ അഴി­മതി­യെ­ന്ന് ആക്ഷേ­പം


കോഴിക്കോട് : സംസ്ഥാനത്തെ ഗവ. പ്രസ്സുകളിൽ അച്ചടിയന്ത്രം വാങ്ങിയതിൽ വൻ അഴിമതിയെന്ന് ആക്ഷേപം. ഗുണനിലവാരമില്ലാത്ത, സ്ഥിരം തകരാറിലാവുന്ന 1.42 കോടിയുടെ യന്ത്രങ്ങൾ അച്ചടിവകുപ്പ് വാങ്ങി. പ്രവർത്തനക്ഷമതയെക്കുറിച്ച് ഒട്ടേറെ പരാതികളുള്ള കന്പനിയുടെ ഒന്പത് യന്ത്രങ്ങളാണ് ആറിരട്ടിയിലധികം വിലനൽകി അച്ചടിവകുപ്പ് വിവിധ ഗവ. പ്രസുകളിലേക്ക് എത്തിച്ചിരിക്കുന്നത്. മുൻ ഡയറക്ടറുടെകാലത്ത് സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെ വാങ്ങിയ യന്ത്രങ്ങളിൽ പലതും തകരാർ കാരണം പ്രവർത്തിക്കുന്നില്ല. ഇടപാടിന് പിന്നിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കേരള ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.). മുഖ്യമന്ത്രിക്ക് പരാതി നൽകി. കേരള ഗവ. പ്രസ്സസ് എംപ്ലോയീസ് യൂണിയനും (സി.ഐ.ടി.യു.) വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

2016−-17 പ്ലാൻഫണ്ടിന്റെ നാലിലൊന്നോളം വകയിരുത്തിയാണ് ആക്മെ എന്ന കന്പനിയുടെ ആറു പ്രോഗ്രാമബിൾ കട്ടിംങ് മെഷീനും മൂന്ന് ഓട്ടോമാറ്റിക് വയർ സ്റ്റിച്ചിംങ് മെഷീനും വാങ്ങിയത്. നല്ലരീതിയിൽ ഉപയോഗിച്ചുവരുന്ന രണ്ടരലക്ഷത്തിന്റെ സ്റ്റിച്ചിംങ് മെഷീൻ പകരമായാണ് പുതിയത് വാങ്ങിയത്. കൂടുതൽ പ്രവർത്തനമികവ് അവകാശപ്പെട്ട ഇവയ്ക്ക് ഒന്നിന് 14.31 ലക്ഷം രൂപയാണ് വില. കോഴിക്കോട് ഗവ. പ്രസ്, വാഴൂർ ഗവ. പ്രസ്, മണ്ണന്തല ഗവ. പ്രസ് എന്നിവിടങ്ങളിലാണ് ഇവയെത്തിച്ചത്.

പഴയ യന്ത്രത്തിൽ ഒരു ജീവനക്കാരൻ മണിക്കൂറിൽ 250 മുതൽ അഞ്ഞൂറു പുസ്തകങ്ങൾവരെ തുന്നിയിരുന്നു. ഇതിന്റെ മൂന്നിൽ രണ്ട് പുസ്തകങ്ങളേ പുതിയ യന്ത്രം ഉപയോഗിച്ച് രണ്ട് ജീവനക്കാർക്ക് തയ്യാറാക്കാൻ സാധിക്കുന്നൂള്ളൂ. ഇവ പ്രവർത്തന രഹിതമാവുന്നതും പതിവാണ്. 99.26 ലക്ഷം രൂപ ചെലവിലാണ് ഷൊർണൂർ  ഗവ. പ്രസ്, എറണാകുളം ഗവ. പ്രസ്, കൊല്ലം ഗവ. പ്രസ്, തിരുവനന്തപുരം സർക്കാർ മുദ്ര നിർമ്മാണ ശാല, തിരുവനന്തപുരം ഗവ. സെൻട്രൽപ്രസ്, ഗവ. സെൻട്രൽ പ്രിസൺ പ്രസ് എന്നിവിടങ്ങളിലേക്ക് ആറു പ്രോഗ്രാമബിൾ കട്ടിംങ് മെഷീനുകൾ വാങ്ങിയത്.

2009−ൽ വയനാട് ഗവ. പ്രസിൽ സ്ഥാപിച്ച ആക്മെ കന്പനിയുടെ കട്ടിംങ് മെഷീൻതകരാറിലാണെന്ന് കാണിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് അച്ചടിവകുപ്പ് ഡയറക്ടർക്ക് നേരത്തേ പരാതി അയച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് അതേ കന്പനിയുടെ 16.54 ലക്ഷം രൂപ വീതം വിലവരുന്ന യന്ത്രങ്ങൾ വീണ്ടും വാങ്ങിയത്. പ്രവർത്തനരഹിതമായ യന്ത്രമാണ് എറണാകുളം ഗവ. പ്രസിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. നാല് ഗവ. പ്രസുകൾ പൂട്ടാനും ബാക്കി ഏഴെണ്ണം നവീകരിക്കാനും രാജേന്ദ്രകുമാർ അനായത്ത് കമ്മീഷൻ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഈ ഇടപാട് നടന്നിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed