തിരക്കൊഴിഞ്ഞ് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ
കൽപ്പറ്റ : വേനലവധി രണ്ടാഴ്ച പിന്നിട്ടിട്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾ തിരക്കേറിയില്ല. മുൻ വർഷങ്ങളിലെല്ലാം ഈ സമയങ്ങളിൽ ജില്ലയിലെ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ജന നിബിഡമാവുക പതിവായിരുന്നു. എന്നാൽ ഇത്തവണ ജില്ലയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 45ശതമാനം കുറവാണ് ഇത്തവണ ഉണ്ടായത്. ഇപ്പോൾ സന്ദർശകരിലേറെയും സംസ്ഥാനത്തിനകത്തു നിന്നുള്ളവർ മാത്രമാണ് വിവിധ കേന്ദ്രങ്ങളിൽ എത്തുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സന്ദർശകരുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജില്ലയിലെ ഒട്ടു മിക്ക കേന്ദ്രങ്ങളും അടഞ്ഞു കിടക്കുന്നതാണ് സഞ്ചാരികളുടെ വരവിന് കുറവുണ്ടാകുവാൻ കാരണം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ, മീൻമുട്ടി, മുത്തങ്ങ, തോൽപെട്ടി, ചെന്പ്ര എന്നിവതുറക്കാത്തതും കുറുവയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും കാരണം ചുരുക്കം കേന്ദ്രങ്ങളിലേക്ക് മാത്രമായി ജില്ലയിലേക്ക് വരുവാൻ ടൂറിസ്റ്റുകൾ മടിക്കുന്നതാണ് സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ കാരണം.
മറ്റ് കേന്ദ്രങ്ങളിലെ പോരായ്മകൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച ബാണാസുര ഡാമിൽ ആരംഭിച്ച പുഷ്പോൽസവത്തിനും അതോടെ തണുത്ത പ്രതികരണമാണ് സംഭവിക്കുന്നത്. സാധാരണയായി അവധിക്കാലങ്ങളിൽ എത്തുന്ന സന്ദർശകരുടെ ഇരട്ടിയിലധികം ആളുകൾ പുഷ്പമേളക്കെത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നത്. പുഷ്പമേളയുടെ ഭാഗമായുള്ള വിവിധ സ്റ്റാളുകൾ നടത്തുവാൻ വൻ തുക വാടക നൽകി ഏറ്റെടുത്ത കച്ചവടക്കാരും ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ശേഷിക്കുന്ന അവധിക്കാലത്ത് കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം കേന്ദ്രങ്ങളെല്ലാം.

