കഠ്‌വ പീഡനക്കേസ് : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു


ന്യൂഡൽഹി : ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയർത്തിയ സംഭവത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി അന്വേഷണ പുരോഗതി വിലയിരുത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. അതിക്രൂരമായി മാനഭംഗം നടന്ന സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകർ ചീഫ് ജസ്റ്റിസിനെയും വിവിധ സുപ്രീംകോടതി ജഡ്ജിമാരെയും സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ചില അഭിഭാഷകർ തടഞ്ഞുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ബാർ അസോസിയേഷനുകൾക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ജമ്മു കശ്മീർ ബാർ അസോസിയേഷൻ, ജമ്മു ഹൈക്കോർട്ട് ബാർ അസോസിയേഷൻ, കഠ്‌വ ബാർ അസോസിയേഷൻ എന്നിവയ്ക്കാണ് നോട്ടിസ് അയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed