ലോങ്മാർച്ചുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് വയൽക്കിളികൾ
കണ്ണൂർ : വയൽക്കിളി കൂട്ടായ്മയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിൽ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നത്, സമരക്കാരുടെ പക്ഷം ആണ് ശരിയെന്ന് തെളിയിക്കുന്നതായി യൽക്കിളികൾ. സിപിഎമ്മിന്റെ ഉദ്ദേശം നടക്കാൻ പോകുന്നില്ലെന്നും അവർ പ്രതികരിച്ചു.
സിപിഎമ്മിന്റെ എതിർപ്പുകളെ മറികടന്ന് ലോങ്മാർച്ചുമായി മുന്നോട്ടു പോകാനാണു വയൽക്കിളികളുടെ തീരുമാനമെന്നും നേതൃത്വം വ്യക്തമാക്കി. ലോങ് മാർച്ച് മേയ് മാസത്തോടെ നടത്താനാണു തീരുമാനിച്ചിരുന്നത്. കോളജ് വിദ്യാർഥികളെയടക്കം സന്നദ്ധരാക്കിവേണം സമരത്തിനു തയ്യാറാകാനെന്നും കീഴാറ്റൂർ വയൽ സംരക്ഷിക്കുന്നതിനു വേണ്ടി ഏതറ്റംവരെയും പോകുമെന്നും അവർ പറയുന്നു. കീഴാറ്റൂരിലെ വീടുകളിൽ പാർട്ടി അംഗങ്ങൾ പോയി പറഞ്ഞത് പ്രവർത്തകരെ പാർട്ടി സ്ഥിരമായി പുറത്താക്കിയിട്ടില്ലെന്നാണ്. സിപിഎം നടപടി നേരിടുന്ന ഏതൊരു കുടുംബത്തേയും പാർട്ടി ഗ്രാമങ്ങളിൽ അകറ്റിനിർത്തുകയാണു പതിവ്. എന്നാൽ കീഴാറ്റൂരിൽ നടപടിയെടുത്തു മാസങ്ങൾ കഴിയുംമുന്‍പെ സിപിഎം ജില്ലാ നേതൃത്വം തന്നെ വീടുകളിലെത്തി അനുനയത്തിനു ശ്രമിക്കുന്നുണ്ടെങ്കിൽ നീതി തങ്ങളുടെ ഭാഗത്തെന്നാണു വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ കർഷക സമരം നടത്തി വിജയിപ്പിച്ച സംഘടന കേരളത്തിൽ വയൽനികത്തലിനൊപ്പം നിൽക്കുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചാ വിഷയമായിട്ടുണ്ട്. സമരത്തിനു മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന ആരോപണത്തെത്തുടർന്ന് പ്രത്യേക പൊലീസ് സംഘങ്ങള്‍ വീടുകളിലെത്തി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ സംഘടന രൂപം പ്രാപിക്കുന്നതിനെ രാഷ്ട്രീയ പാർട്ടികൾ ഭയപ്പെടുന്നതായും ഇവർ പ്രതികരിച്ചു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ വീടുകളിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സന്ദർശനം നടത്തിയത്. വയൽക്കിളികൾ പ്രഖ്യാപിച്ചിട്ടുള്ള ലോങ്മാര്‍ച്ചിൽ പങ്കെടുക്കരുതെന്നായിരുന്നു ആവശ്യം. എന്നാൽ രൂക്ഷമായ ഭാഷയിലാണ് സമരക്കാർ പ്രതികരിച്ചത്.

