കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ വികസനം ഉറപ്പാക്കും : വി.എസ് സുനിൽകുമാർ
കാസർഗോഡ് : മഞ്ചേശ്വരം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പുരോഗതി ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.ആവശ്യത്തിന് അദ്ധ്യാപകരും ജീവനക്കാരുമില്ലാത്തതാണ് നിലവിൽ സ്ഥാപനം നേരിടുന്ന പ്രധാന പ്രശ്‌നം. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
വോർക്കാടി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് പാട്ടവ്യവസ്ഥയിലാണ് കൃഷിവിജ്ഞാനകേന്ദ്രം പ്രവർത്തിക്കുന്നത്. ഈ സ്ഥലം കാർഷിക സർവ്വകലാശാലയ്ക്ക് വിട്ടുകൊടുക്കാനാവശ്യമായ നടപടി സ്വീകരിമെന്നും മന്ത്രിഅറിയിച്ചു. കൃഷിവിജ്ഞാനകേന്ദ്രത്തിൽ ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു. ചക്കയുടെ വാണിജ്യ സാധ്യതകളെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി ആത്മ പദ്ധതിയുടെ കീഴിൽ ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.
മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും നാട്ടുകാരും കർഷകരും കൃഷിവിജ്ഞാനകേന്ദ്രത്തിലെത്തി. കാർഷിക സർവ്വകലാശാലാ ഭരണസമിതി അംഗം എം.അസൈനാർ, വോർക്കാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അബ്ദുൾമജീദ്, കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. ശശികാന്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

