ഹർത്താൽ: സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കൊച്ചി : സംസ്ഥാന വ്യാപകമായി ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്കുനേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. അതിനിടെ, കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ തടഞ്ഞില്ലെന്നാണ് ഗീതാനന്ദന്റെ നിലപാട്. ഇദ്ദേഹത്തെ സെൻട്രൽ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രാവിലെ സർവീസ് നടത്തിയെങ്കിലും ഇപ്പോൾ കെഎസ്ആർടിസി സർവീസുകൾ ഭാഗികമാണ്. തമ്പാനൂരിൽനിന്നുള്ള സർവീസുകൾ നിർത്തിവച്ചു. സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

