രണ്ട് കുട്ടികൾ നൂറണി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട്: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നൂറണി ക്ഷേത്രക്കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നൂറണി ഗ്രാമത്തിലെ നീലകണ്ഠന്റെ മകൻ നാരായണൻ (ഭരത്-15), എൻ.പി സുബ്രഹ്്മണ്യന്റെ മകൻ പരമേശ്വരൻ (സുരജ്-15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ദുരന്തം. ഒപ്പം കുളിക്കാനിറങ്ങിയ മുരുകേശ്, ജയറാം എന്നിവർ രക്ഷപ്പെട്ടു.
നീന്തൽ അറിയാവുന്ന മുരുകേശാണ് ജയറാമിനെ രക്ഷിച്ചത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നിലവിളി കേട്ടെത്തിയ സമീപവാസികൾ ഇരുവരെയും കുളത്തിൽ നിന്ന് കരകയറ്റിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ കുളിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കൂടിയതാകാം അപകട കാരണമെന്ന് പരിസരവാസികൾ പറഞ്ഞു. കുളത്തിലെ ചെളിയും അപകട കാരണമായി. ചെളിനീക്കി കുളം വൃത്തിയാക്കുന്ന പ്രവൃത്തി നടക്കവെയാണ് ദുരന്തം. നാരായണൻ മൂത്താന്തറ കർണകയമ്മൻ ഹൈസ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ പൂർണ. സഹോദരൻ ശരത്. പരമേശ്വരൻ പാലക്കാട് ബിഗ്ബസാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ സുബലക്ഷ്മി. സഹോദരി സൂര്യ. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുളത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിൽ ഒരാളെ രക്ഷിക്കാനെയെങ്കിലും അവർ രണ്ട് പേരെ കൈകളിൽ കോരിയെടുക്കാൻ മുരുകേശനായില്ല. ജയറാമിനെ മാത്രമേ രക്ഷിക്കാനായുള്ളു. നാരായണനും പരമേശ്വരനും ചെളിയിൽ കുടുങ്ങിപ്പോയതുകാരണമാണ് രക്ഷിക്കാൻ കഴിയാതെവന്നത്. രണ്ട് പേരും പരീക്ഷാ തിരക്കുകൾ കഴിഞ്ഞ് നീന്തൽ പഠിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നു കൂട്ടുകാർ പറഞ്ഞു. വാർഡ് കൗൺസിലർ ടി.എം രാമചന്ദ്രനും സൗത്ത് അഡീഷനൽ എസ്ഐ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.

