ദേവസ്വം ബോർഡ് നിയമനം സുതാര്യമാകണം : മാനദണ്ധം പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി : ദേവസ്വം ബോർഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിശദമായ മാനദണ്ധങ്ങൾ പുറപ്പെടുവിച്ചു. നിയമനവും അംഗങ്ങളുടെ തിരഞ്ഞെടുപ്പും സുതാര്യമാകണമെന്ന് കോടതി വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ടി.ജി.മോഹന്‍ദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ ഹിന്ദു എംഎൽഎമാരുടെ താൽപര്യപ്രകാരമാണ് ദേവസ്വം ബോർഡിൽ നിയമനം നടത്തുന്നത്. ഹിന്ദു എംഎൽഎമാരില്ലാത്ത സ്ഥലങ്ങളിൽ നിന്ന് മതിയായ പ്രതിനിധ്യം ഉണ്ടാകുന്നില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
നിലവിലെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി തള്ളി. ഇപ്പോൾ നടക്കുന്ന നിയമനരീതിയിൽ അപര്യാപ്തതകളുണ്ട്. കൂടുതൽ സുതാര്യമാക്കുന്നതിനായി ഭേദഗതികൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കണം. അതിനായി ഏതുരീതിയിൽ നിയമഭേദഗതി കൊണ്ടുവരണമെന്നു ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം കോടതിയുടെ മാർഗ നിർദ്ദേശങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

