സ്കൂളിനടുത്ത് മൊബൈൽ ടവർ നിർമ്മാണം : പ്രതിഷേധം ശക്തം
വടക്കാഞ്ചേരി : കരുമത്ര ആരോഗ്യമാതാ എൽ.പി സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇത്. ഇവിടുത്തെ ടവർ നിർമ്മാണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. സ്കൂൾ കൂടാതെ, മീറ്ററുകൾക്ക് അപ്പുറം ആരോഗ്യമാതാ ദേവാലയം, നിരവധി കുട്ടികൾ പഠിക്കുന്ന അംഗൻവാടി, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ടവർ നിർമ്മാണത്തിന് തൊട്ടടുത്ത സ്ഥലത്താണ് ഭിന്നശേഷിക്കാരും അശരണരുമായ കുട്ടികൾ താമസിക്കുന്ന കേന്ദ്രവും പ്രവർത്തിക്കുന്നത്. ടവർ നിർമ്മാണം നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം രാജീവൻ തടത്തിലിന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകി.
പ്രദേശവാസികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപികരിക്കാനാണ് തീരുമാനം.

