സർ­ക്കാർ കടു­ത്ത നടപടി­കളി­ലേ­ക്ക് : ബസ് ഉടമകൾ‍­ക്ക് കാ­രണം കാ­ണി­ക്കൽ നോ­ട്ടീ­സ്


തിരുവനന്തപുരം : സ്വകാര്യ ബസ് സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചു. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബസ് സമരം മൂലം ജനങ്ങൾ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മിക്കതും നിറഞ്ഞാണ് ഓടുന്നത്. കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്ത ഗ്രാമീണ മേഖലയിലാണ് കൂടുതൽ ദുരിതം. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടുകയാണ്. വീട്ടിൽ നിന്നും ദൂരെ സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികൾ ബദൽ മാർഗം കണ്ടെത്താൻ‍ നിർ‍ബ്ബന്ധിതമായിരിക്കുകയാണ്്. അതിനിടയിൽ‍ സേവന സന്നദ്ധതയുമായി ഡി.വൈ.എഫ്‌.ഐ പോലെയുള്ള സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾക്കിടയിൽ തന്നെ ഭിന്നത ഉടലെടുത്ത് തുടങ്ങി. തൊടുപുഴയിൽ സമരത്തിൽ നിന്നും പിന്മാറി ഒരു സ്വകാര്യ ബസ് സർവീസ് നടത്തുക കൂടി ചെയ്തതോടെ ബസുടമകൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഒറ്റ ബസുള്ളവർ സമരം ഉപേക്ഷിച്ച് സർവീസ് നടത്താൻ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. തൊടുപുഴ−-അടിമാലി-−രാജക്കാട് സർവീസ് നടത്തുന്ന ചന്ദ്ര എന്ന ബസാണ് സമരത്തിൽ നിന്നും പിന്മാറി ഇന്ന് സർവീസ് ആരംഭിച്ചത്. എന്നാൽ ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയതിന് പിന്നാലെ ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു. ബസുടമകളുടെ ജില്ലാ പ്രസിഡണ്ട് കെ.കെ തോമസിന്‍റെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed