ഫ്ളോറിഡ ഹൈസ്കൂളിലെ കൂട്ടക്കുരുതി : തോക്ക് നിയന്ത്രണത്തിന് വീണ്ടും സമ്മർദം
ഫ്ളോറിഡ : ഫ്‌ളോറിഡ ഹൈസ്കൂളിൽ 17 പേരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തെത്തുടർന്നു തോക്ക് നിയന്ത്രണത്തിനു അമേരിക്കയിൽ വീണ്ടും സമ്മർദമേറുന്നു. തോക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഒരുങ്ങുന്നത്.
വരും ആഴ്ചകളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. മാർച്ച് 14 നു 17 മിനിറ്റ് നേരം രാജ്യവ്യാപകമായി വോക്കൗട്ട് നടത്താനും അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും വിമൺസ് മാർച്ച് ആഹ്വാനം ചെയ്തു. ട്രംപ് വിരുദ്ധനിലപാടുകളിലൂടെ ശ്രദ്ധേയമായ വനിതാകൂട്ടായ്മയാണിത്. ഏപ്രിൽ 20 നു സ്‌കൂളുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പൊതുവിദ്യാഭ്യാസസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ആഹ്വാനം. 12 പേരുടെ മരണത്തിനിടയാക്കിയ, 1999ലെ കൊളംബിയൻ ഹൈസ്‌കൂൾ വെടിവയ്പിന്‍റെ വാർഷികദിനത്തിലാണ് സംഘടന പ്രതിഷേധം ഒരുക്കുന്നത്. സോഷ്യൽ മീഡിയയും തോക്ക് നിയന്ത്രണത്തിനുവേണ്ടി ശക്തമായ പ്രചാരണത്തിലേർപ്പെട്ടിരിക്കുകകയാണ്.

