ബഹ്‌റൈൻ - അമേ­രി­ക്ക ബന്ധങ്ങൾ ശക്തി­പ്പെ­ടു­ത്തും


മനാമ : ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സെനറ്റ് ഇൻറലിജൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ റിച്ചാർഡ് ബാറുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും ദീർഘകാലത്തെ ഫലപ്രദമായ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ പ്രിൻസ് സൽമാൻ പരാമർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും പരസ്‌പര ബഹുമാനവും ഉയർത്തിക്കാട്ടിയ അദ്ദേഹം, ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിൽ വിദേശത്തും സ്വദേശത്തും നല്ല മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സംയുക്ത പരിശ്രമത്തിന്റെ ഫലമായി സുരക്ഷ, വ്യാപാരം, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രിൻസ് സൽമാൻ ഓർപ്പിച്ചു. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തെ ഫലപ്രദമായി നേരിടാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ−അമേരിക്ക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ചർച്ചാ വിഷയമായി.

കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയ പ്രിൻസ് സൽമാന് റിച്ചാർഡ് ബാർ നന്ദി അറിയിച്ചു. രാജ്യവുമായുള്ള സംയുക്ത പങ്കാളിത്തത്തിന് നന്ദി പ്രകടിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും പ്രശംസിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, വിദേശകാര്യവകുപ്പ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed