കേരള കോൺ(ബി) യെ മുന്നണിയിലെടുത്താൽ ഗുണം മുന്നണിക്ക് : ബാലകൃഷ്ണപിള്ള
കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്പ് കേരള കോൺഗ്രസ്(ബി) യെ ഇടതുമുന്നണിയിലെടുത്താൽ അതിന്റെ ഗുണം മുന്നണിക്കുണ്ടാകുമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. ഇക്കാര്യം തങ്ങളേക്കാൾ നന്നായി ഇടതുമുന്നണി നേതാക്കൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (ബി) സംസ്ഥാന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ മാന്യത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ചാനലുകളിലെ ചർച്ചകളിൽ ചെറുപ്പക്കാരായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളിൽ ഈ അന്തസ്സാരശൂന്യത കാണാം. എന്തും വിളിച്ചുപറയുന്നവർക്കാണ് സാമൂഹികമാധ്യമങ്ങളിലും പ്രശസ്തിയെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കു സമരം നടക്കുന്പോൾ എ.കെ.ജിയെ സന്ദർശിച്ചിട്ടുണ്ടെന്ന് കെ.എം.മാണി പറഞ്ഞതു പച്ചകള്ളമാണ്. എ.കെ.ജിയെ അന്നു കേരള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ അക്കൂട്ടത്തിൽ കെ.എം.മാണിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റബർ വില വർദ്ധിപ്പിക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്ന കെ.എം മാണി നാലര വർഷം സംസ്ഥാനത്തിന്റെ ധനമന്ത്രിയായിരുന്നുവെന്ന കാര്യം മറക്കരുതെന്നും അന്ന് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ കുടിശിക ഇനിയും കൊടുത്തുതീർത്തിട്ടില്ലെന്നും ബാലകൃഷ്ണ പിള്ള അറിയിച്ചു.
കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡണ്ട് പോൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ നജീം പാലക്കണ്ടി, സി.വേണുഗോപാലൻ നായർ, കെ.ജി.പ്രേംജിത്ത്, കെ.ഭഗീരഥൻ, ഷിബി ജോർജതുടങ്ങിയവർ പ്രസംഗിച്ചു.

