കണ്ണൂരിൽ പിഞ്ചുകുഞ്ഞടക്കം 17 പേർക്ക് തെരുവുനായയുടെ കടിയേറ്റു
കണ്ണൂർ: കണ്ണൂരിലെ കക്കാട്, പുതിയതെരു കൊറ്റാളി ഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമത്തിൽ നാലരവയസുകാരനടക്കം പതിനേഴോളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.മുള്ളൻപന്നിയുടെ മുള്ള് തലയിൽ തറച്ചതിനെ തുടർന്ന് അക്രമാസക്തനായ തെരുവുനായ ശനിയാഴ്ച രാത്രിയോടെയാണ് അക്രമം തുടങ്ങിയത്.
ഇന്നലെ രാവിലെ എട്ടേമുക്കാലോടെ അത്തായക്കുന്നിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരൻ അലനെ നായ അക്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് മൂന്നിടത്ത് പരിക്കേറ്റെങ്കിലും ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവിടെ നിന്ന് പോയ നായ അത്തായക്കുന്നിലെ കടയിൽ നിന്ന് ഇറച്ചിയുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഏഴുവയസുകാരി റയാനയുടെ കൈയ്ക്കും കടിച്ച് പരിക്കേൽപ്പിച്ചു. ഇരുവരെയും കൂടാതെ സരിത, മുസ്തഫ, ഷൈലജ, രമേശൻ, മുസമ്മിൽ, കൃഷ്ണൻ, ജിഷ്ണു, ഉഷ, പ്രദീപൻ, ഷാഹിദ, ഷംസുദ്ദീൻ, മുർഷിദ് തുടങ്ങിയവർക്കും നായ കടിച്ചു പരിക്കേൽപ്പിച്ചു.

