സന്നി­ധാ­നത്ത് പരി­ഭ്രാ­ന്തി­ സൃ­ഷ്ടി­ച്ച കാ­ട്ടു­പന്നി­യെ­ കീ­ഴടക്കി­


ശബരിമല : ശബരിമല സന്നിധാനത്ത് രണ്ട് ദിവസത്തിനിടെ 28 പേരെ മുറിവേൽപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി റാന്നി ഡിവിഷന്‍റെ ഗൂഡ്രിക്കൽ റേഞ്ചിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾ ‍നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പന്നിയെ‍‍ കൂട്ടിലടച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചശേഷമാണ് പന്നി കീഴടങ്ങിയത്. തേക്കടി പെരിയാർ ടൈഗർ റിസർവ്‍വിലെ ഡോ. അബ്ദുൽ ഫത്താർ‍, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ഡോ. ടി.എസ് അരുൺ എന്നിവരെത്തിയാണ് മയക്കുവെടിവെച്ചത്. മയങ്ങിക്കിടന്ന പന്നി, കൂട്ടിലേക്ക് കയറ്റുന്പോൾ‍ കുതറാൻ ശ്രമിച്ചത് പരിഭ്രാന്തിയുണ്ടാക്കി. പന്പയിലെത്തിച്ച പന്നിയെ ഉൾ‍ക്കാട്ടിൽ‍ വിട്ടു.

ഞായറാഴ്ച രാത്രിയാണ് പന്നി ആക്രമണം തുടങ്ങിയത്. അന്ന് 21 സ്വാമിമാരെ തേറ്റകൊണ്ടു കുത്തി. തിങ്കളാഴ്ച രാത്രി മാളികപ്പുറം ഭാഗത്ത് ഓടിനടന്ന് ആളുകളെ കുത്തി. വിജിലൻസ് സി.ഐ മുഹമ്മദ് ഇസ്മായിലടക്കം ഏഴ് പേർ‍ക്കു പരിക്കേറ്റു.

ഇന്നലെ രാവിലെ പന്നി വീണ്ടും മാളികപ്പുറം ഫ്‌ളൈഓവറിന് കീഴിലെ പതിവുസ്ഥലത്ത് ഉറക്കം തുടങ്ങി. ഉച്ചയോടെ വനപാലകരും പോലീസും ചേർ‍ന്ന് പന്നിക്ക്ചുറ്റും ബാരിക്കേഡുകൾ ‍കൊണ്ട് കൂടുതീർ‍ത്തു. ഉണർ‍ന്ന പന്നി പുറത്തുകടക്കാൻ ശ്രമിച്ചു.

മൂന്ന് മണിയോടെ തേക്കടിയിൽ‍നിന്ന് കൂടെത്തിച്ചു. വെറ്ററിനറി ഡോക്ടറെത്തി മൂന്നേമുക്കാലിന് മയക്കുവെടിവെച്ചു. സാധാരണ, മയക്കുവെടിവെച്ചാൽ‍ പന്നികൾ‍ ചീറിപ്പായാറുണ്ട്. അരമണിക്കൂർ‍ കഴിഞ്ഞിട്ടും മയക്കം പൂർ‍ണമായില്ല. നാലേകാലോടെ രണ്ടാമത്തെ വെടിവെച്ചു. അരമണിക്കൂർ‍ കഴിഞ്ഞപ്പോൾ‍ പന്നി നല്ല മയക്കമായി. തുടർ‍ന്ന് കൂട്ടിലേക്ക് കയറ്റി.

സന്നിധാനം അസിസ്റ്റന്റ് സ്‌പെഷ്യൽ‍ ഓഫീസർ‍ എം.രമേഷ്‌ കുമാർ‍, ജോയിന്‍റ് സ്പെഷൽ ഓഫീസർ സുജിത്ത്ദാസ്, സന്നിധാനം ഫോറസ്റ്റ് കൺട്രോളർ പി.കെ സുധീർ‍, പന്പ റേഞ്ച് ഓഫീസർ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ നീക്കം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed