ഫ്ളക്സുകളിൽ തന്റെ ചിത്രങ്ങൾ വെക്കരുതെന്ന് പി. ജയരാജൻ
കണ്ണൂർ : തന്റെ ഫോട്ടോ ഉപയോഗിച്ച് ഫ്ളക്സ് ബോർഡുകൾ വെക്കരുതെന്ന് പാർട്ടി അണികൾക്ക് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിർദ്ദേശം. അടുത്ത മാസം നടക്കുന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പി. ജയരാജന് അഭിവാദ്യമർപ്പിച്ചു കൊണ്ടാണ് പലയിടത്തും പ്രചരണ ബോർഡുകളും ചുവരെഴുത്തുകളും തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനെ എതിർത്തു കൊണ്ട് പി. ജയരാജൻ രംഗത്തു വന്നത്.
പാർട്ടി സമ്മേളനങ്ങൾ ജനപങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ തന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ളക്സ് ബോർഡുകൾ ഉയർത്തിയിട്ടുണ്ട്. ഇതിൽ നിന്നും പ്രവർത്തകർ പിന്മാറണം. ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോർഡുകളെന്നും ജയരാജൻ പറയുന്നു. സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സ്വയം മഹത്വവൽക്കരിച്ച് പാർട്ടിക്ക് അതീതനാവാൻ ജയരാജൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാനസമിതിയിൽ വിമർശനം ഉയർന്നിരുന്നു. ജയരാജന്റെ ജീവിത രേഖയും നൃത്തശിൽപവും തയ്യാറാക്കിയതും വിവാദമായിരുന്നു. സംസ്ഥാന സമിതിയുടെ പ്രമേയം റിപ്പോർട്ട് ചെയ്ത ജില്ലാ കമ്മറ്റി യോഗത്തിലും ജയരാജനെ ഉയർത്തിക്കാട്ടി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

