ഏനാത്ത് പാലം നിർമ്‍മാണം അന്തിമഘട്ടത്തിൽ
അടൂർ : ഏനാത്ത് പാലത്തിന്റെ നിർമ്‍മാണം അന്തിമഘട്ടത്തിലെത്തി. അടുത്തമാസം ആദ്യവാരം ഗതാഗതത്തിന് തുറക്കത്തക്ക വിധത്തിലാണ് നിർമ്‍മാണം പുരോഗമിക്കുന്നത്. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനീയർ എസ്.ദീപു, എക്‌സിക്യുട്ടീവ് എൻജിനീയർ ഗീത എന്നിവരുടെ സംഘം സ്ഥലത്തെത്തി നിർമ്മാണപുരോഗതി വിലയിരുത്തി.
പാലത്തിന്റെ ബലക്ഷയം സംഭവിച്ച രണ്ട് തൂണുകളുടെയും പണികൾ പൂർത്തിയായി. താൽകാലികമായി ഇരുൾ ഗർഡറിൽ ഇറക്കിവെച്ചിരുന്ന ഡക്ക് സ്ലാബ് രണ്ടാമത്തെ പുതിയ തൂണിലേക്ക് ഇറക്കിവെച്ചുതുടങ്ങി. നടപ്പാതയുടെ നിർമ്‍മാണവും ആരംഭിച്ചു. പാലത്തിന്റെ ഡക്ക് സ്ലാബിന്റെ ഇടയിൽ ചേർത്തുവെയ്ക്കാനുള്ള ഭാഗത്തെ പണികളും തുടങ്ങി. ഇത് പൂർത്തിയാക്കിയശേഷം ടാറിംഗ്. പെയിന്റിംഗ് പണികൾ നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കും.
ഇതോടെ, ബെയ്‌ലിപാലം തിരിച്ചു കൊണ്ടുപോകുന്നതിനായി നിർമ്‍മാണ പുരോഗതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സൈന്യം കെ.എസ്.ടി. പിയോട് ആവശ്യപ്പെട്ടു. മേജർ അനുഷ് കോശിയാണ് കഴിഞ്ഞ ദിവസം കെ.എസ്.ടി.പിയുടെ ഉന്നത ഉദ്യോഗസ്ഥനോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്.

