നടിയെ ആക്രമിച്ച കേസിൽ അപ്പുണ്ണിക്ക് മുൻകൂർ ജാമ്യമില്ല
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് മുൻകൂർ ജാമ്യമില്ല. കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയാണോയെന്ന് കണ്ടെത്താനാകൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പുണ്ണിയെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പൾസർ സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടന്ന പല സ്ഥലങ്ങളിലും അപ്പുണ്ണിയുടെ സാന്നിധ്യവും പൊലീസ് സ്ഥിരീകരിച്ചിരുന്നു. നാലുതവണ സുനിയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചതിനും തെളിവുണ്ട്.
തൃശൂരിലെ ഹോട്ടലില്‍ വച്ച് ദിലീപ് സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതോടെ അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു.

