നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്തു
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനിൽനിന്നു പൊലീസിന് കാര്യമായ വിവരങ്ങൾ കിട്ടിയില്ല. കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തു.
കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നു പൊലീസ് സൂചന നൽകി. കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെപ്പറ്റിയുള്ള (പള്‍സര്‍ സുനി) ചോദ്യങ്ങൾക്കു കാവ്യയുടെ മറുപടി പൂര്‍ണമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളിൽനിന്നും കാവ്യ ഒഴിഞ്ഞുമാറി.
ദിലീപിന്റെ ആലുവയിലെ വീട്ടിൽവച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ, മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും ചോദിച്ചറിഞ്ഞത്.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിൽ ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) മൊഴി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ടു പൾസര്‍ സുനി ജയിലിൽനിന്നു ദിലീപിനെഴുതിയെന്നു പറയപ്പെടുന്ന കത്തിലെ, ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവിൽപോകുന്നതിനു മുൻപായി കാക്കനാട്ടെ കടയിലെത്തിയെന്നാണു സുനി പൊലീസിനു മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

