കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു
കോഴിക്കോട് : കോഴിക്കോട് വ്യാജ മദ്യം കഴിച്ച് രണ്ടു പേർ മരിച്ചു. കുന്ദമംഗലത്തിന് സമീപം മലിയമ്മയിലാണ് സംഭവം. ചാത്തമംഗലം സ്വദേശി ബാലൻ(54), സന്ദീപ് എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ഉപയോഗിക്കുന്ന വീര്യം കൂടിയ സ്പിരിറ്റാണ് ഇവർ കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ബാലനടക്കമുള്ള ആറംഗ സംഘം സ്പിരിറ്റ് കഴിച്ചത്. വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലായവരെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ രണ്ടുപേരാണ് ഇന്ന് മരിച്ചത്. ഹരിദാസ്, ചേക്കുട്ടി എന്നിവർ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തൊമ്മൻ, സുരേഷ് എന്നിവരും മെഡിക്കൽ കോളേജിൽ ചികിത്‍സയിലുണ്ട്. മരിച്ച സന്ദീപിന്റെ വസതിയിലായിരുന്നു സ്പിരിറ്റ് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
മിനറൽ വാട്ടർ കുപ്പിയിൽ സൂക്ഷിച്ച സ്പിരിറ്റാണ് ഇവർ കഴിച്ചത് എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇവർ മദ്യപിച്ച സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുപ്പി പോലീസ് കണ്ടെടുത്തു.
സ്പിരിറ്റ് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂട്ടി കമ്മീഷണർ ജയദേവ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. കൂടുതൽ പേർ സ്പിരിറ്റ് കഴിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

