പീഡിപ്പിച്ചെന്ന് പരാതി : വിൻസെന്റ് എം.എൽ.എ അറസ്റ്റിൽ
തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം. വിൻസെന്റിനെ അറസ്റ്റ് ചെയ്തു. നാല് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എൽ.എയ്ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായി പോലീസ്. ഫോൺ വിളികളും, വൈദ്യ പരിശോധനകളും എം.എൽ.എയ്ക്ക് എതിരാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പരാതിക്കാരിയെ 900 തവണ ഫോണിൽ വിളിച്ചതായി പോലീസ് കണ്ടെത്തി.
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഗൃഹനാഥൻ പോലീസിന് നൽകിയ പരാതിയിൻമേലാണ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എം.എൽ.എയ്ക്കെതിരെ ആദ്യം കേസെടുത്തത്. വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എം.എൽ.എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണവും പുറത്തായി.
എം.എൽ.എ ഹോസ്റ്റലിൽ െവച്ചാണ് വിൻസെന്റിനെ ചോദ്യം ചെയ്തത്. അന്വേഷണ ചുമതല വഹിക്കുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്് എം.എൽ.എയെ ചോദ്യം ചെയ്തത്. എം.എൽ.എയ്ക്കെതിരായി വീട്ടമ്മ നൽകിയിട്ടുള്ള മൊഴിയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുകയും അതിനാവശ്യമായ തെളിവുകൾ ലഭിക്കുകയും ചെയ്തുവെന്നാണ് സൂചന.
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിൻസെന്റ്് എം.എൽ.എ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി വിൻസെന്റ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
കുറ്റം തെളിഞ്ഞാൽ എം.എൽ.എയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസ്സൻ പറഞ്ഞു.

