കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് കോട്ടയത്ത്
കോട്ടയം : കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗം യോഗത്തിൽ ചർച്ചചെയ്തേക്കും. മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നു ചേരുന്ന നേതൃയോഗം പുതിയ സമിതിയെ നിയോഗിച്ചേക്കും. പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരും അടങ്ങുന്നതാകും സമിതി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കെ.എം മാണി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പത്രമായ വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഇടതുമുന്നണി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി സമീപിച്ചെന്ന പ്രതിച്ഛായ ലേഖനത്തിന് പിന്നാലെയാണ് വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. വീക്ഷണം ലേഖനം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. നേതാക്കള്‍ അറിയാതെ ഇങ്ങനെ ഒരു ലേഖനം വരില്ലെന്നാണ് കേരള കോൺഗ്രസ് നേതാക്കളുടെ നിലപാട്.
എല്‍ഡിഎഫുമായി സഹകരിക്കുന്നതിനെ പി.ജെ ജോസഫ് വിഭാഗം നേരത്തെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യം ചര്‍ച്ചയാകുന്നത്.

