ഐ.ടി: പിരിച്ചുവിടലിന് ആശ്വാസമാകാൻ സ്റ്റാർട്ടപ്പുകൾ
പാലക്കാട്: ഏഴോളം ഐ.ടി കന്പനികളിൽനിന്നായി 5,60,000 ജീവനക്കാരെ ഈവർഷം പിരിച്ചുവിടുമെന്ന റിപ്പോർട്ടനെക്കുറിച്ചുള്ള ആശങ്കയകറ്റാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്ന് വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് നയവും സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്റ്റാർട്ട് ഇന്ത്യ എന്ന കേന്ദ്രപദ്ധതിയും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞാൽ ഈ രംഗത്തുണ്ടായ പ്രതിസന്ധികൾ വളരെ എളുപ്പം മറികടക്കാൻ കഴിയുമെന്ന് ടെക്നോപാർക്ക് സി.എഫ്.ഒയും ടെക്നോപാർക്ക് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ മുൻ മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.സി ചന്ദ്രശേഖരൻ നായർ വ്യക്തമാക്കുന്നു.
കന്പനികളിൽ സീനിയർ മാരായ എൻജിനീയർമാരെ പിരിച്ചുവിട്ട് പുതിയ ആൾക്കാരെ നിയമിക്കുക എന്ന നയമാണ് ഐ.ടി കന്പനികൾ സ്വീകരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നിയമിച്ചാലും ലും ആഗോളാടിസ്ഥാനത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടലിലേക്ക് നയിക്കും. അതിനാലാണ് ഐ.ടി മേഖലയിലുള്ളവരുടെ ഭാവി സ്റ്റാർട്ടപ്പുകളിലാണ് കൂടുതലെന്ന് ഈ മേഖലയിലുള്ളവർ പറയാൻ കാരണം.
വലിയ വലിയ കന്പനികൾ വേഗത്തിൽ ഓട്ടോമേഷനിലേക്ക് കൂടുതലായി കടക്കുന്നതും അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ മണ്ണിന്റെ മക്കൾ വാദം കൂടുതൽ ശക്തമാകുകയും ചെയ്യുന്പോൾ മേഖലയിൽ കനത്ത തൊഴിൽ നഷ്ടത്തിനിടയാക്കുന്നു. ഇത് പിരിച്ചുവിടലിന് പുറമെ തൊഴിലവസരങ്ങൾ വൻതോതിൽ കുറയാനും ഇടയാക്കുകയാണ്. ഓട്ടോമേഷനിലേക്ക് കടക്കുന്ന കന്പനികളിൽ പ്രാഥമികജോലികളുടെ 30 ശതമാനമെങ്കിലും യന്ത്രങ്ങൾ നിർവഹിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തുടർപ്രവർത്തനങ്ങൾക്കടക്കം മനുഷ്യവിഭവശേഷി കുറച്ച് യന്ത്രവൽകരണത്തിലേക്ക് പോകുന്പോൾ വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാകും.

