ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദൂരൂഹത തുടരുന്നു: പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശാരിക
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. പല തവണ അന്വേഷിക്കപ്പെട്ട കേസിൽ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹർജി നൽകിയത്. മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയും സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കേസില്‍ നേരത്തേ വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു പ്രതി ചേര്‍ത്തത്. എന്നാല്‍ മരണത്തില്‍ ചില ദൂരൂഹതകള്‍ ബാക്കിയാണെന്നും അതില്‍ അന്വേഷണം നടന്നില്ലെന്നും കാണിച്ച് മാതാപിതാക്കള്‍ രംഗത്ത് വരികയായിരുന്നു. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2-ന് മരണമടയുകയായിരുന്നു.
സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ക്ക് വഴിവെച്ചു. ബാലഭാസ്‌ക്കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നോ എന്നാണ് സംശയം. ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ലെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറാണെന്ന് ആരോപിച്ച് പിന്നീട് അര്‍ജ്ജുന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
sdff

