ബിസ്കറ്റ് പാക്കറ്റിൽ ഭാരം കുറവ്; പാർലെ കമ്പനിക്ക് 50,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ


ഷീബ വിജയൻ

കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിർമാതാക്കളായ പാർലെ ബിസ്കറ്റ് കമ്പനിയും വിൽപ്പനക്കാരായ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.

അഞ്ചരക്കണ്ടി കല്ലായിയിലെ ടി പി ആസിഖ് നൽകിയ പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2024 ജൂലായ് 26-നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽനിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്. സമീപത്തെ കടയിൽ തൂക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മീഷനെ സമീപിക്കുകയായിരുന്നു.

പരാതിക്കാരൻ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങൾ നിർമിച്ചതല്ലായിരിക്കാമെന്നും ഉൽപ്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നും പാർലെ വാദിച്ചു. വിറ്റത് പാർലെ കമ്പനിയുടെ ഉൽപ്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചു. രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും പരിശോധിച്ച കമ്മീഷൻ ഉൽപ്പന്നം പാർലെയുടേതാണെന്നും അളവിൽ കുറവുള്ള ഉൽപ്പന്നം വിറ്റത് വീഴ്ചയാണെന്നും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. കമ്പനി 10,000 രൂപയും ഹൈപ്പർമാർക്കറ്റ് 5000 രൂപയും കോടതിച്ചെലവായും നൽകണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നൽകേണ്ടതാണ്.

article-image

dsdsdsda

You might also like

  • Lulu Exchange
  • Straight Forward

Most Viewed