യുഡിഎഫ് ബജറ്റിനെതിരെ എൽഡിഎഫ്; കോർപ്പറേറ്റുകൾക്ക് പാദസേവ ചെയ്യുന്നതെന്ന് എം.വി. ഗോവിന്ദൻ
ശാരിക l കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് എൽഡിഎഫ്. വീര്യം കുറഞ്ഞ മദ്യനിർമ്മാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തിയപ്പോൾ, ധനമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് കേരളത്തിലെ ക്ഷേമപദ്ധതികളുടെ കഴുത്തുഞെരിക്കുന്നതും കോർപ്പറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
ധനമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രകൃതിവിഭവങ്ങളെയും സ്വകാര്യവൽക്കരിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ വിലപ്പെട്ട ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് അടിയറവ് വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്ക് വിൽക്കാൻ വേണ്ടിയാണ് വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത്. കോൺഗ്രസ് കാലാകാലങ്ങളായി പറയുന്ന നെഹ്റുവിയൻ സോഷ്യലിസത്തിന് പൂർണ്ണമായും വിരുദ്ധമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള യുഡിഎഫിന്റെ ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ബജറ്റിൽ ക്ഷേമപെൻഷൻ വർദ്ധന പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വി.ഡി. സതീശൻ ബജറ്റിൽ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ ആശ്രയമായ ലൈഫ് ഭവനപദ്ധതിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും ബജറ്റിൽ യാതൊരു പരാമർശവുമില്ല. വയോജന ക്ഷേമത്തിനായി പേരിനൊരു വകുപ്പ് ഉണ്ടാക്കിയെങ്കിലും അതിലേക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. ആരോഗ്യമേഖലയ്ക്കുള്ള വിഹിതത്തിൽ ആയിരം കോടി രൂപയുടെ കുറവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. പാവപ്പെട്ട രോഗികളുടെ ജീവന് താങ്ങായ കാരുണ്യ ഫണ്ടിൽ നിന്നും 89 കോടി രൂപ വെട്ടിച്ചുറച്ചു. ഇത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ആയിരക്കണക്കിന് കോടി രൂപ ആവശ്യമുള്ള 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക്' വെറും 10 കോടി രൂപ മാത്രം മാറ്റിവെച്ച് സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം യുഡിഎഫ് സർക്കാർ ഒന്നിനുപുറകെ ഒന്നായി 'യു-ടേൺ' അടിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ പരിഹസിച്ചു. അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന കേന്ദ്രത്തിന്റെ 'പിഎം ശ്രീ' പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. പദ്ധതിക്കായി പണം വാങ്ങിയെന്ന കളവ് സർക്കാരിന് ഇപ്പോൾ തിരുത്തേണ്ടി വന്നു. സംസ്ഥാനത്തെ സാമ്പത്തികമായി വലിയ രീതിയിൽ ഉപദ്രവിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ബജറ്റിൽ ഒരക്ഷരം ഉരിയാടാൻ ധനമന്ത്രി തയ്യാറായില്ല.
സർവകലാശാലകളിൽ നടക്കുന്ന കാവിവൽക്കരണത്തിന് യുഡിഎഫ് സർക്കാർ പൂർണ്ണമായും കൂട്ടുനിൽക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് സമാന്തര സർക്കാർ ചമഞ്ഞ് ഗവർണ്ണർ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമ്പോൾ, താനൊന്നും അറിഞ്ഞില്ലെന്ന വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നൽകുന്നത്. ഇതുപോലൊരു ഗതികെട്ട സാഹചര്യം കേരള ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ലീവ് സറണ്ടറും അട്ടിമറിച്ച ബജറ്റിൽ, യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒരു പദ്ധതി പോലുമില്ല. മുൻപ് നടപ്പാക്കിയ യുവജന പദ്ധതികളെക്കുറിച്ച് ബജറ്റിൽ മിണ്ടാട്ടമില്ല. ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളുടെ ആകെത്തുകയാണ് യുഡിഎഫ് ബജറ്റെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
sgxg

