സുരേന്ദ്രൻ അനുകൂലികളെ ‘ഭജനസംഘം’ എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കർ


 

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതിന്റെ ക്രെഡിറ്റിനെചൊല്ലി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചാനൽചർച്ചകളിലെ ‘സംഘ്പരിവാർ നിരീക്ഷകൻ’ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള പരസ്യവിഴുപ്പലക്കൽ തുടരുന്നു. സുരേന്ദ്രനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുതിർന്ന ബി.ജെ.പി നേതാക്കളെ ‘ഭജനസംഘം’ എന്നുവിളിച്ച് പരിഹസിച്ചാണ് ഇത്തവണ ശ്രീജിത്ത് രംഗത്തെത്തിയിരിക്കുന്നത്. ‘ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നു എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്’’ എന്നാണ് പുതിയ പോസ്റ്റിൽ പറയുന്നത്. വിമർശനം പരിധിവിടുന്നുവെന്ന് കമന്റിലൂടെ ചൂണ്ടിക്കാട്ടിയവരോട് ‘ഭജനസംഘം ആക്രമിച്ചത് എന്നെയല്ലേ, എന്നെ പറഞ്ഞാൽ ഏത് ദേവേന്ദ്രൻ ആയാലും തിരിച്ചു പറഞ്ഞിരിക്കും’ എന്നാണ് പണിക്കരുടെ മറുപടി. തനിക്കെതിരെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിന് തെളിവ് ചോദിക്കാൻ പാടില്ലേ എന്നും ചോദിക്കുന്നു.

സുരേന്ദ്രനെതിരെ ശ്രീജിത്ത് ഉന്നയിച്ച കൊടകര കുഴൽപണം, മകന്റെ നിയമനം തുടങ്ങിയവക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് ‘ഇങ്ങോട്ട് ഉള്ളതുപോലെ അങ്ങോട്ടും’ എന്നാണ് മറുപടി. കേരളത്തിൽ പലയിടത്തും ബിജെപി വോട്ട് കൂടിയത് ഗണപതിവട്ടം കൊണ്ടാണോ എന്നും വയനാട്ടിൽ കെട്ടിവച്ച കാശ് കിട്ടിയോ എന്നും പരിഹസിക്കുന്നുമുണ്ട് ശ്രീജിത്ത്. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്തിനെ സുരേന്ദ്രൻ അധിക്ഷേപിച്ചതോടെയാണ് ഇരുവരും തമ്മിൽ വാക്പോര് തുടങ്ങിയത്.

article-image

adsdsdsdsads

You might also like

Most Viewed