അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറലിന്‍റെ രഹസ്യങ്ങളും ചോർത്തിയതായി റിപ്പോർട്ട്

അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെരസിന്‍റെ രഹസ്യങ്ങളും ചോർത്തിയതായി വെളിപ്പെട്ടു. ഗുട്ടെരസിനു റഷ്യൻ പക്ഷപാതിത്വം ഉണ്ടെന്നാണ് അമേരിക്കൻ ഏജൻസികളുടെ നിഗമനം. അമേരിക്കൻ പ്രതിരോധവകുപ്പിൽനിന്നു ചോർന്ന രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. അമേരിക്കൻ ചാരസംഘടനകൾ ഗുട്ടെരസിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണു രേഖകളിൽനിന്നു വ്യക്തമാകുന്നത്. ഗുട്ടരസും അദ്ദേഹത്തിന്‍റെ കീഴ്ജീവനക്കാരും തമ്മിലുള്ള സംഭാഷണങ്ങൾ വരെ ചോർത്തിയിട്ടുണ്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്‌ട്രസഭയുടെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാറിനെക്കുറിച്ച് എടുത്തുപറയുന്നുണ്ട്.
റഷ്യയുടെ താത്പര്യങ്ങൾ സംരക്ഷിച്ച് കരാർ നടപ്പാക്കുന്നതിനാണു ഗുട്ടെരസ് ശ്രമിച്ചതത്രേ. റഷ്യക്കെതിരേ അമേരിക്കയും പാശ്ചാത്യശക്തികളും ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു തുരങ്കംവയ്ക്കുന്ന നടപടികളാണു ഗുട്ടെരസിൽനിന്നുണ്ടായതെന്നും അമേരിക്കൻ ചാരവൃത്തങ്ങൾ അനുമാനിക്കുന്നു. ഇതിനിടെ, ഉന്നത നേതാക്കൾക്കു മാത്രം ലഭ്യമായ രേഖകൾ ചോർന്നതിൽ അമേരിക്കയിൽ വലിയ അന്വേഷണം നടക്കുകയാണ്. പാശ്ചാത്യരാജ്യങ്ങളിലെ സ്പെഷൽ ദൗത്യസേനകൾ യുക്രെയ്നിൽ പ്രവർത്തിക്കുന്നുണ്ടെന്നതടക്കമുള്ള വിവരങ്ങൾ രേഖകളിലൂടെ നേരത്തേ പുറത്തുവന്നിരുന്നു. പട്ടാള ആസ്ഥാനത്തു ജോലി ചെയ്യുന്ന ഇരുപതുകളിൽ പ്രായമുള്ള ഒരു തോക്കുപ്രേമിയാണ് രേഖകൾ ചോർത്തിയതെന്നു വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
ftf