പെറുവിൽ സർക്കാർ വിരുദ്ധരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ: 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
                                                            തെക്കുകിഴക്കൻ പെറുവിലെ ജൂലിയാക്ക വിമാനത്താവളത്തിന് സമീപം സർക്കാർ വിരുദ്ധ പ്രക്ഷോഭകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ചയാണ് സംഭവം. പ്രതിഷേധക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക ഓംബുഡ്സ്മാൻ അറിയിച്ചു. ക്രമസമാധാനം നിലനിർത്താൻ നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും വസ്തുതകൾ വ്യക്തമാക്കുന്നതിന് വേഗത്തിലുള്ള അന്വേഷണം നടത്തണമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസിനോട് അഭ്യർത്ഥിക്കുന്നതായി ഓംബുഡ്സ്മാൻ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
ബൊളീവിയയുടെ അതിർത്തിയിൽ പുനോ മേഖലയിൽ സ്ഥിതിചെയ്യുന്ന ജൂലിയാക്ക സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണ്. നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാനുള്ള ശ്രമത്തിന് തൊട്ടുപിന്നാലെ അന്നത്തെ പ്രസിഡന്‍റ് പെഡ്രോ കാസ്റ്റിലോയെ നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെത്തുടർന്ന് ഡിസംബർ ആദ്യം പെറുവിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതായി ഡി.ഡബ്ല്യു ന്യൂസ് റിപ്പോർട്ട് ചെയ്തു.
കാസ്റ്റിലോ 18 മാസത്തെ വിചാരണ തടങ്കലിൽ കഴിയുകയാണ്. പെറുവിലെ പ്രതിഷേധക്കാർ പുതിയ ഉപരോധങ്ങൾ സ്ഥാപിക്കുകയും നിരവധി പ്രദേശങ്ങളിലേക്ക് പ്രകടനങ്ങൾ വ്യാപിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമാവുന്നതോടെ തടവിലാക്കപ്പെട്ട മുൻ പ്രസിഡന്‍റ് പെഡ്രോ കാസ്റ്റിലോയുടെ മോചനത്തിനും പുതിയ തിരഞ്ഞെടുപ്പുകൾക്കും പുറമെ പുതിയ പ്രസിഡന്‍റിന്‍റെ രാജി, കോൺഗ്രസ് അടച്ചുപൂട്ടൽ, ഭരണഘടനയിൽ മാറ്റം വരുത്തൽ എന്നിവക്കായി രാജ്യത്തുടനീളം ആഹ്വാനങ്ങൾ ശക്തമാകുകയാണ്.
വർഷങ്ങൾ നീണ്ട രാഷ്ട്രിയ അഴിമതികൾക്കും അസ്ഥിരതകൾക്കും ഇടയിൽ പെറുവിലെ പത്തിൽ ഒൻപത് പേരും രാജ്യത്തിന്‍റെ നിയമനിർമ്മാണത്തെ അംഗീകരിക്കുന്നില്ലെന്ന് സമീപകാല സർവേകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പിനുള്ള ആവശ്യങ്ങൾ ഉയർന്നത്.
fgdfgdg
												
										
																	