ശ്രീലങ്കയിൽ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് പ്രവർത്തനം ഇന്ന് പുനരാരംഭിക്കും


ജൂലൈ ആദ്യം സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ഇരച്ചുകയറിയ ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് കനത്ത സുരക്ഷയിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്.


പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് പഴയപടിയാക്കാനുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ കനത്ത നാശനഷ്ടങ്ങളാണ് സെക്രട്ടേറിയറ്റിനുണ്ടായത്. 100 ദിവസത്തിലേറെയായി പ്രക്ഷോഭകർ ഉപരോധിച്ച സെക്രട്ടേറിയറ്റിൽ ജൂലൈ ഒമ്പതിനാണ് പ്രതിഷേധക്കാർ ഇരച്ചുകയറിയത്. ഇതേത്തുടർന്ന് ഗോടബയ രാജപക്‌സ രാജ്യം വിടാനും പ്രസിഡന്റ് സ്ഥാനം രാജിവെക്കാനും നിർബന്ധിതനായി.


വെള്ളിയാഴ്‌ച നിരവധി സർക്കാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ഗല്ലെ ഫെയ്‌സിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ ശ്രീലങ്കൻ സുരക്ഷസേന ആക്രമണം നടത്തിയിരുന്നു.ശനിയാഴ്ച പ്രതിഷേധക്കാർ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് 100 മീറ്റർ അകലെയാണ് തങ്ങിയത്. പകൽ പ്രതിഷേധമൊന്നും അരങ്ങേറിയില്ല. ശ്രീലങ്കൻ പ്രസിഡൻഷ്യൽ പാലസിലും ടെമ്പിൾ ട്രീസിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആയിരത്തിലധികം വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്നാണ് റിപ്പോർട്ട്. നഷ്ടപ്പെട്ടവ കൃത്യമായി തിട്ടപ്പെടുത്താൻ പുരാവസ്തു വകുപ്പിന്റെ അടക്കം സഹകരണത്തോടെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വക്താവ് നിഹാൽ താൽദുവ പറഞ്ഞു.

You might also like

Most Viewed