ദുരൂഹത ഉയർത്തി റഷ്യൻ പ്രതിരോധ മന്ത്രിയെ കാണാതായിട്ട് 12 ദിവസം
റഷ്യൻ പ്രതിരോധ മന്ത്രി സർജി ഷോയ്ഗുവിനെ കാണാനില്ലെന്ന് റിപ്പോർട്ട്. മാർച്ച് 11 മുതലാണ് സർജി അപ്രത്യക്ഷനാകുന്നത്. യുക്രൈൻ −റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രതിരോധ മന്ത്രിയുടെ തിരോധാനം ദുരൂഹമാണ്. മാർച്ച് 24ന് ടെലിവിഷനിലൂടെ വളരെ കുറച്ച് സമയം പ്രതിരോധ മന്ത്രിയെ കാണിച്ചിരുന്നുവെങ്കിലും ഈ ദൃശ്യങ്ങൾ പഴയതാണെന്നാണ് സംശയിക്കപ്പെടുന്നത്.
അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി സർജി ഷോയ്ഗുവിന് ഹൃദയാഘാതം സംഭവിച്ചതായി യുക്രൈൻ മന്ത്രി ആന്റോൺ ഗരാഷ്‌കോയാൺ ആരോപിക്കുന്നു. യുക്രൈനിലെ പ്രത്യേക സൈനിക നടപടി വിജയകരമായില്ലെന്ന് ആരോപിച്ച് പുടിൻ രൂക്ഷമായ ഭാഷയിലാണ് സെർജിയെ കുറ്റപ്പെടുത്തിയതെന്നും യുക്രൈൻ മന്ത്രി ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം അതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
യുക്രൈൻ അധിനിവേശം പാളിയതിന് പിന്നിൽ ഇന്റലിജൻസ് നൽകിയ തെറ്റായ വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുടിൻ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് റഷ്യൻ പ്രതിരോധമന്ത്രിയേയും കാണാതായത്.
യുക്രൈൻ യുദ്ധത്തിൽ വിചാരിച്ച ആധിപത്യം പുലർത്താൻ സാധിക്കാത്തതിൽ പുടിൻ അസ്വസ്ഥനാണ്. ഇത് തെളിയികുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടെലിവിഷൻ മീറ്റിംഗിനിടെ രാജ്യത്തിന്റെ ഇന്റലിജൻസ് മേധാവിയേയും മറ്റ് ഉദ്യോഗസ്ഥരേയും പുടിൻ അധിക്ഷേപിക്കുന്നത് റഷ്യൻ ജനത കണ്ടതാണ്. അതുകൊണ്ട് തന്നെ റഷ്യൻ പ്രതിരോധ മന്ത്രിയെ ഈ അവസരത്തിൽ കാണാതായതിന് പിന്നിൽ പുടിന്റെ കൈകൾ ഉണ്ടോയെന്നാണ് ലോകം സംശയിക്കുന്നത്.