കോവിഡ് പ്രതിസന്ധി : ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയത് ഒരു ലക്ഷത്തിലധികം പേർ


ബഹ്റൈനിൽ നിന്ന് കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേയ്ക്ക് തിരികെ പോയവർ ഒരു ലക്ഷത്തിലധികം പേരാണെന്ന് പഠനറിപോർട്ട്. പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞൻ ഡോ ബി എ പ്രകാശ് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിവരം പുറത്ത് വന്നിരിക്കുന്നത്. പ്രവാസലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് പുറത്ത് വന്ന പുതിയ പഠന റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. ഇത് പ്രകാരം കോവിഡ് കാരണം ഗൾഫിൽ നിന്ന് തിരിച്ചെത്തിയിരിക്കുന്നത് 14,71,000 രത്തോളം പേരാണ്. ഇതിൽ 100,297 പേർ ബഹ്റൈനിൽ നിന്ന് മാത്രമാണ്. തിരികെ പോയവരുടെ എണ്ണത്തിൽ അമ്പത് ശതമാനവും സൗദി പ്രവാസികളാണ്. 19 ശതമാനം പേർ യു എ ഇ യിൽ നിന്നും, 11 ശതമാനം പേർ ഖത്തറിൽ നിന്നും, ആറ് ശതമാനം പേർ കുവൈത്തിൽ നിന്നുമാണ് മടങ്ങിയത്. തിരികെ പോയവരിൽ ഏഴ് ശതമാനം പേർ ബഹ്റൈനിൽ നിന്നുള്ളവരാണ്. അവധിക്ക് നാട്ടിൽ പോയതിന് ശേഷം കോവിഡ് സാഹചര്യം കാരണം തിരികെ വരാൻ പറ്റാതെ കുടുങ്ങി പോയവരാണ് അമ്പത്തിനാല് ശതമാനം പേർ. ഇത് കാരണം തൊഴിൽ വിസ കാലാവധി തീർന്നവരും ധാരാളമാണ്.

തിരികെയെത്തിവരിൽ ഭൂരിഭാഗം പേരും പത്ത് വർഷമോ അതിലധികമോ ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞവരാണെന്നും 71 ശതമാനം പേരും ജോലിയില്ലാതെയോ സ്ഥിരവരുമാനമില്ലാതെയോ ആണ് നാട്ടിൽ കഴിയുന്നതെന്നും പഠനറിപ്പോർട്ട് പറയുന്നു. ഇവരിൽ 88 ശതമാനം പേർക്കും ഒരു അവസരം ലഭിച്ചാൽ ഗൾഫിലേ്ക്ക് തന്നെ തിരികെ പോകണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കോവിഡ് കാലത്ത് എത്തിയ അഞ്ചിൽ ഒരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും, 57 ശതമാനം പേരും പത്ത് സെന്റ് ഭൂമിയിൽ താഴെ മാത്രം ഭൂസ്വത്ത് ഉള്ളവരാണെന്നും പഠനം വ്യക്തമാക്കുന്നു.

കൂടാതെ മിക്കവരും വീട് നിർമ്മാണത്തിനോ വാഹനം വാങ്ങുവാനോ ആയി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയവരാണെന്നും പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് സാഹചര്യവും, ഗൾഫ് വിപണിയിൽ അനുദിനം മാറികൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളും പ്രവാസപണത്തെ ആശ്രയിച്ച് കഴിയുന്ന കേരളത്തെ ഏറെ പ്രതികൂലമായി വരും ദിവസങ്ങളിൽ ബാധിക്കുമെന്ന ആശങ്കയാണ് ഈ റിപ്പോർട്ട് നൽകുന്നത്.

You might also like

Most Viewed