റഷ്യയിലെ പ്രവർത്തനം നിർത്തി ബി.ബി.സി
റഷ്യയിലെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചെന്ന് ബി.ബി.സി അറിയിച്ചു. റഷ്യയിൽ തുടരുന്ന മാധ്യമപ്രവർത്തകർക്കും മറ്റ് സ്റ്റാ ഫുകൾക്കുംപ്രവർത്തനം നിർത്താൻ നിർദേശം നൽകി. ബി.ബി.സി റഷ്യയുടെ വെബ്‌സൈറ്റിന്റെ പ്രവർത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു.
എന്നാൽ ബിബിസി ന്യൂസ് റഷ്യയ്ക്ക് പുറത്ത് നിന്ന് റഷ്യൻ ഭാഷയിൽ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാൻ ഞങ്ങൾ തയ്യാറല്ല.’ ∠ ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവി പ്രസ്താവനയിൽ പറഞ്ഞു.
യുക്രൈൻ അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാർകീവിലും സുമിയിലും മരിയുപോളോയിലും തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ട്. യുക്രൈന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോൾ നഗരം റഷ്യ തകർത്തെന്ന് യുക്രൈൻ തന്നെ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയതതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

