ഖത്തർ - സൗദി റെയിൽവേ ലൈൻ നിർമാണം പുരോഗതിയിൽ

ഖത്തറിനെയും സൗദി അറേബ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ നിർമാണത്തിന് താമസിയാതെ തുടക്കമാകും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) റെയിൽവേ പദ്ധതിയുടെ ഭാഗമായാണ് ഖത്തറിനെയും മറ്റ് ജിസിസി രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഖത്തർ-സൗദി റെയിൽവേ പദ്ധതി. എൻജിനീയറിങ് ഡിസൈൻ-വർക്ക് പ്ലാൻ ഉൾപ്പെടെയുള്ള പ്രാഥമിക ജോലികൾ പൂർത്തിയായതായി ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി വെളിപ്പെടുത്തി. 25,000 കോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന 2,117 കിലോമീറ്റർ നീളുന്ന പദ്ധതി 6 ജിസിസി രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. ഖത്തർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ 6 രാജ്യങ്ങൾ ചേർന്നാണ് നിർമാണച്ചെലവ് പങ്കിടുന്നത്. പദ്ധതിയിൽ തങ്ങളുടെ പരിധിയിൽ വരുന്ന റെയിൽ ശൃംഖലയും സ്റ്റേഷനുകളും ടെർമിനലുകളും അതാത് ജിസിസി രാജ്യങ്ങളാണ് നിർമ്മിക്കുക. 2023 നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഖത്തറിനും സൗദിക്കും ഇടയിൽ റെയിൽവേ പ്രവർത്തനസജ്ജമാകുന്നതോടെ ചുരുങ്ങിയ മണിക്കൂറിനുള്ളിൽ തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര, ചരക്ക് ഗതാഗതം സാധ്യമാകും. ജിസിസി റെയിൽവേ പദ്ധതി പൂർത്തിയാകുന്നതോടെ 6 ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്രകളും ചരക്കു ഗതാഗതവും കൂടുതൽ സജീവമാകും.