യുക്രെയിനിലുള്ള അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ
റഷ്യൻ സൈന്യം ഏതു നിമിഷവും യുക്രെയിൻ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ യുക്രെയിനിലുള്ള അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയിനു ചുറ്റും റഷ്യ സൈനിക അഭ്യാസങ്ങളും ആയുധശേഖരണവും വർധിപ്പിച്ചതിനാൽ യുദ്ധഭീതി അടുത്തെത്തിയിരിക്കുകയാണ് എല്ലാവരും സുരക്ഷിതരാകാനും ബൈഡൻ അഭ്യർഥിച്ചു. ശീതയുദ്ധ കാലത്തിനു ശേഷം അമേരിക്കൻ − റഷ്യൻ പോര് അതിന്‍റെ പാരമ്യതയിൽ എത്തിയിരിക്കുന്ന സാഹചര്യമാണ് യുക്രെയിൻ വിഷയം സൃഷ്ടിച്ചിരിക്കുന്നതെന്നു രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുഎസിന്‍റെ വിലയിരുത്തൽ പ്രകാരം 1,30,000 റഷ്യൻ സൈനികർ യുക്രെയിനുമായുള്ള അതിർത്തിക്കടുത്തു തന്പടിച്ചിരിക്കുകയാണ്. ആയുധ സന്നാഹങ്ങളും തയാറായിക്കഴിഞ്ഞു. അനുനയ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അധിനിവേശം നടത്തില്ലെന്നു റഷ്യ ആവർത്തിക്കുന്നുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നാണ് പാശ്ചാത്യ ശക്തികളുടെ നിഗമനം. സ്വന്തം രാജ്യം സുരക്ഷിതമാക്കാനാണെന്ന വാദമുയർത്തി റഷ്യ യുക്രെയിനിൽ ആക്രമണം നടത്തുമെന്നു തന്നെയാണ് അവർ കണക്കുകൂട്ടുന്നത്.
റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ പോലും ഒരു കാരണവശാലും യുക്രെയിനിലേക്ക് യുഎസ് സൈന്യത്തെ അയയ്ക്കില്ലെന്ന് ബൈഡൻ ആവർത്തിച്ചു. അങ്ങനെ സംഭവിച്ചാൽ അതൊരു ലോകമഹായുദ്ധമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ നീക്കങ്ങൾക്കെതിരേ നാറ്റോ ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടും യുക്രെയിനിന്‍റെ അയൽ രാജ്യമായ ബലാറസുമായിചേർന്നു റഷ്യ സൈനിക അഭ്യാസ പ്രകടനം ആരംഭിച്ചതാണ് പുതിയ പ്രകോപനം. റഷ്യയുടെ മിസൈലുകളും കനത്ത കവചങ്ങളും മെഷീൻ−ഗൺ ടോട്ടിംഗ് സൈനികരെയും വിന്യസിച്ചത് യൂറോപ്പിന് അപകടകരമായ നിമിഷമായി കരുതേണ്ടി വരുമെന്നു നാറ്റോ പറഞ്ഞു. ഇതിനിടെ, ബലാറസുമായി ചേർന്നു റഷ്യ നടത്തുന്ന സൈനിക അഭ്യാസത്തെക്കുറിച്ചു അമേരിക്ക ബലാറസ് പ്രതിരോധ വൃത്തങ്ങളുമായി ടെലിഫോൺ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, കരിങ്കടലിലേക്കും അസോവ് കടലിലേക്കും നാവിക പരിശീലനത്തിനായി ബോസ്ഫറസ് വഴി റഷ്യ ആറ് യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്. ഇരു കടലുകളിൽനിന്നും ഉക്രെയ്‌നെ വെട്ടിമുറിക്കാനുള്ള ശ്രമമാണെന്ന് എതിർപക്ഷം കുറ്റപ്പെടുത്തുന്നു. 30,000 റഷ്യൻ സൈനികർ ബലാറസിലെ സൈനിക അഭ്യാസങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യയും ബലാറസും മുന്പില്ലാത്ത വിധം സുരക്ഷാഭീഷണി നേരിടുന്നതിനാലാണ് ഇപ്പോൾ സൈനിക അഭ്യാസം നടത്തുന്നതെന്നാണ് റഷ്യയുടെ വാദം.


