ബഹ്റൈൻ ഫെബ്രവരി 15മുതൽ ഗ്രീൻ ലെവലിലേയ്ക്ക്; പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം


കോവിഡ് വ്യാപനം വർദ്ധിച്ചത് കാരണം കഴിഞ്ഞ നവമ്പർ മാസം മുതൽ ഏർപ്പെടുത്തിയ യെലോ ലെവൽ അലേർട്ടിൽ നിന്ന് ബഹ്റൈൻ മോചിതമാകുന്നു. ഫെബ്രവരി 15 മുതൽക്കാണ് ബഹ്റൈൻ ഗ്രീൻ ലെവൽ അലർട്ടിലേയ്ക്ക് മാറുന്നത്. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഇൻഡോർ സൗകര്യങ്ങൾ നൽകുന്ന ഇടങ്ങളിൽ മുഴുവൻ പേർക്കും പ്രവേശിക്കുവാൻ സാധിക്കും. പ്രാർത്ഥനാലയങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, ഗവൺമെന്റ് ഓഫീസുകൾ, ജിമ്മുകൾ, സിനിമ തിയറ്ററുകൾ, സലൂണുകൾ തുടങ്ങി മിക്ക സ്ഥലങ്ങളിലും പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ ബി അവേർ ആപ്ലിക്കേഷനിലെ ഗ്രീൻ ഷീൽഡ് കാണിക്കേണ്ട ആവശ്യമില്ല.

വാക്സിനേഷൻ ഡ്രൈവിൽ രാജ്യം നേടിയ നേട്ടവും, ഒമിക്രോൺ വ്യാപനത്തിലും ഗുരുതരമായ കേസുകളുടെ കുറവുമാണ് ഗ്രീൻ ലെവൽ നിയന്ത്രണങ്ങളിലേയ്ക്ക് തിരികെ പോകാൻ ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ പതിനാല് ദിവസം ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം അമ്പതിൽ കുറവ് ആയാലാണ് ഗ്രീൻ ലെവൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തേ ദേശീയ കോവിഡ് പ്രതിരോധ സമിതി തീരുമാനിച്ചിരുന്നത്. നിലവിൽ 21 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അതേസമയം രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്താൻ മറക്കരുതെന്ന് ദേശീയ കോവിഡ് പ്രതിരോധസമിതി അംഗങ്ങൾ അറിയിച്ചു.

You might also like

Most Viewed