ജയിൽ ചാട്ടക്കാരെ വെടിവച്ച് കൊല്ലാൻ അനുമതി നൽകി നൈജീരിയൻ സർക്കാർ

ജയിൽ ചാട്ടക്കാരെ വെടിവച്ച് കൊല്ലാൻ അനുമതി നൽകി നൈജീരിയൻ സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സുരക്ഷ ലംഘിക്കാൻ ശ്രമിക്കുന്നവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി റൗഫ് അരെഗ്ബെസോള പറഞ്ഞു. രാജ്യത്ത് ജയിൽ ചാട്ടം തുടർകഥയാകുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്.
കഴിഞ്ഞ ഒരു വർഷമായി സായുധ സംഘങ്ങൾ വിവിധ ജയിലുകൾ ആക്രമിച്ച് അയ്യായിരത്തിലേറെ തടവുകാർ രക്ഷപെടുത്തിയതായാണ് കണക്ക്. സായുധ സംഘവുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ജയിൽ ഗാർഡുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 70,000 ത്തോളം തടവുകാരിൽ ഭൂരിഭാഗം പേരും വിചാരണ കാത്തിരിക്കുന്നവരാണ്. നീതിന്യായ വ്യവസ്ഥ വളരെ മന്ദഗതിയിലായതിനാൽ തടവുകാരുടെ എണ്ണം ഏറുകയാണ്. അടിക്കടിയുള്ള ജയിൽ ചാട്ടങ്ങൾക്ക് ഇത് ഒരു പരിധിവരെ കാരണമാണെന്ന് ഇബാദനിലെ ജയിൽ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി പറഞ്ഞു.