ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പതിമൂന്ന് മരണം


 

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേർക്ക് പരുക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎൻപിബി അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് 13 പേരാണ് മരിച്ചതെന്നും, മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ബിഎൻപിബി ഉദ്യോഗസ്ഥൻ അബ്ദുൾ മുഹരി വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് ഗർഭിണികൾ ഉൾപ്പെടെ തൊണ്ണൂറ്റിയെട്ട് പേർക്ക് പരുക്കേറ്റതായും 902 പേരെ മാറ്റിപ്പാർപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് അഗ്നിപർവ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. 2017-ലും 2019-ലും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആകാശമാകെ പുക ഉയരുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടിരുന്നു. പ്രദേശത്ത് കൂടി പറക്കുന്ന വിമാനങ്ങൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed