താലിബാനെ ഇനി അഫ്ഗാനിസ്താൻ തന്നെ നേരിടണമെന്ന് ജോ ബൈഡൻ
വാഷിങ്ടൺ: താലിബാൻ ഭീകരരെ അഫ്ഗാനിസ്താൻ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാൻ കൈക്കലാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
അഫഗാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ച തീരുമാനത്തിൽ പശ്ചാത്താപമില്ല. കഴിഞ്ഞ 20 വർഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങൾക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാൽ അഫ്ഗാനിൽ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ ബൈഡൻ പറഞ്ഞു. അതേസമയം അഫ്ഗാൻ സൈന്യത്തിന് നൽകിവരുന്ന സഹായം അമേരിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

