ഡിസ്നി വേൾഡ് തുറന്ന് അമേരിക്കൻ വിനോദസഞ്ചാര വകുപ്പ്; മാസ്ക് വേണ്ടന്ന് തീരുമാനം

വാഷിംഗ്ടൺ: ലോകപ്രശസ്ത അമ്യൂസ്മെന്‍റ് പാർക്കായ ഡിസ്നി വേൾഡിലെ നിയന്ത്രണങ്ങൾ നീക്കി അമേരിക്കയിലെ വിനോദസഞ്ചാര വകുപ്പ്. ഓർലാൻഡോയിലെ വാൾട് ഡിസ്നി വേൾഡിലെ സന്ദർശകർ ഇനി പുറംകാഴ്ചകൾ കണ്ടുനടക്കാൻ മാസ്ക് ധരിക്കണമെന്നില്ലെന്നാണ് തീരുമാനം.
‘വാൾട് ഡിസ്നി വേൾഡ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. എല്ലാ കൗതുക കാഴ്ചകളും കാണാൻ അവസരമൊരുങ്ങിക്കഴിഞ്ഞു. അകക്കാഴ്ചകളിലും തീയറ്ററിലും മ്യൂസിയത്തിനകത്തും എല്ലാവരും മാസ്ക് ധരിക്കേണ്ടതാണ്. ജീവനക്കാർ മാസ്കിനൊപ്പം മുഖാവരണവും ധരിക്കണം. എന്നാൽ പുറംകാഴ്ചകൾക്കും മറ്റ് കായിക വിനോദങ്ങൾ നടക്കുന്നിടത്തും മാസ്ക് നിർബന്ധമല്ലെന്ന വിവരം എല്ലാവരേയും അറിയിക്കുന്നു.’ വാൾട് ഡിസ്നി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വാക്സിനേഷൻ എടുത്തവർക്കാണ് തുടക്കത്തിൽ പ്രവേശനം നൽകുന്നതെന്നും പരമാവധി ആളുകളെ ഒരു ദിവസം പ്രവേശിപ്പിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്നും അമ്യൂസ്മെന്‍റ് പാർക് അധികൃതർ അറിയിച്ചു. അതുപോലെ പ്രവേശകവാടത്തിലെ ശരീരോഷ്മാവ് പരിശോധിക്കുന്ന നടപടിയും തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
2020 മാർച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഡിസ്നി വേൾഡ് സന്ദർശകർക്കായി തുറന്നത്. അതേസമയം ഡിസ്നി ലാന്‍റ് ഇനിയും തുറക്കാൻ തീരുമാനമെടുത്തിട്ടില്ല.