പാകിസ്ഥാൻ താലിബാൻ തലവൻ മുഫ്തി നൂർ വാലിയെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു


ന്യൂയോർക്ക്: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്‌രിക് ഇ താലിബാന്‍ തലവന്‍ മുഫ്തി നൂര്‍ വാലി മെഹ്‌സുദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിയാണ് മുഫ്തി നൂറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ചേര്‍ത്തത്. 

അല്‍ഖ്വയ്ദയ്ക്കായി സാമ്പത്തിക സഹായം നല്‍കുക, പദ്ധതികള്‍ ആവിഷ്കരിക്കുക, ഭീകരാക്രമണ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മുഫ്തി നൂര്‍ വാലി മെഹ്സൂദ് ചെയ്യുന്നതായി ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗണ്‍സില്‍ കണ്ടെത്തി. നിരവധി ചാവേര്‍ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപി ഏറ്റെടുത്തിട്ടുണ്ട്. ബോംബ് ആക്രമണങ്ങളിലൂടെ സാധാരണക്കാരായ നൂറു കണക്കിനാളുകളെ ടിടിപി കൊലപ്പെടുത്തിയിട്ടുണ്ട്.

മുന്‍ ടിടിപി നേതാവ് മുല്ല ഫസുള്ളയുടെ മരണത്തെത്തുടര്‍ന്ന് 2018 ജൂണിലാണ് മുഫ്തി നൂര്‍ വാലി മെഹ്‌സൂദ് എന്നറിയപ്പെടുന്ന നൂര്‍ വാലി ടിടിപിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. നൂര്‍ വാലിയുടെ നേതൃത്വത്തില്‍, പാകിസ്ഥാനിലുടനീളമുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് പറയുന്നു.കഴിഞ്ഞ വര്‍ഷം സപ്റ്റംബറില്‍ അമേരിക്ക ആഗോള ഭീകരനായി മെഹ്‌സൂദിനെ പഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed