രാമന്‍ ജനിച്ച നേപ്പാളിലെ അയോധ്യയുടെ ചരിത്രം ചികയാനൊരുങ്ങി പുരാവസ്തുവകുപ്പ്


കാഠ്മണ്ഡു: രാമന്‍ ജനിച്ച അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ചരിത്രം കുഴിച്ചെടുക്കാൻ പുരാവസ്തുവകുപ്പ് പദ്ധതിയിടുന്നു. നേപ്പാൾ പുരാവസ്തു വകുപ്പാണ് രാജ്യത്തിന്‍റെ തെക്ക് ഭാഗമായ തോറിയിൽ പഠനവും ഉത്ഖനനവും ആരംഭിക്കാൻ പദ്ധതിയിടുന്നത്. പ്രദേശത്ത് പുരാവസ്തു പഠനം നടത്തുന്നതിനുള്ള സാധുത തേടി ആർക്കിയോളജിക്കൽ വിഭാഗം വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തി. 

പഠനം നടത്താൻ ആർക്കിയോളജിക്കൽ വിഭാഗം ഗൗരവതരമായി ചിന്തിക്കുന്നതായാണ് റിപ്പോർട്ട്. വിദഗ്ധരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ ഉടൻ തീരുമാനത്തിലെത്തുമെന്ന് പറയുന്നു. ശ്രീരാമന്‍ നേപ്പാളിലാണ് ജനിച്ചതെന്നായിരുന്നു ഒലിയുടെ അവകാശവാദം. രാമന്‍ ജനിച്ച അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് ഒലി ഔദ്യോഗിക വസതി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു. സാംസ്‌കാരികമായി നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടു, യാഥാര്‍ഥ്യം വളച്ചൊടിച്ചു. സീതയെ ഇന്ത്യക്കാരനായ രാജകുമാരന്‍ രാമനു വിവാഹം ചെയ്തു നല്‍കിയെന്നാണ് നമ്മള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഇന്ത്യയിലെ അയോധ്യയിലെ രാജ കുമാരനല്ല നമ്മള്‍ നല്‍കിയത്. ബിര്‍ഗുഞ്ജിനു സമീപത്തെ അയോധ്യയിലേക്കാണ് നല്‍കിയത്- ഒലി പറഞ്ഞു. ഭാനുഭക്ത ആചാര്യയുടെ ജന്മവാര്‍ഷികത്തോടനു ബന്ധിച്ച് ചടങ്ങിലാണ് ഒലി വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ വ്യാജ അയോധ്യയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാമന്‍റെ ജന്മഭൂമിയായ അയോധ്യ തെക്കന്‍ നേപ്പാളിലെ തോറിയില്‍ വാത്മീകി ആശ്രമത്തിനു സമീപത്താണെന്നും ഒലി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed