ഒടുവിൽ ട്രംപും മുഖാവരണം ധരിച്ചു


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒടുവിൽ‌ മാസ്ക് ധരിച്ചു. കോവിഡ് കത്തിപ്പടർന്നിട്ടും മുഖാവരണം ധരിക്കാൻ കൂട്ടാക്കാതിരുന്ന ട്രംപ് വാഷിംഗ്ടണിനു പുറത്തുള്ള വാൾട്ടർ റീഡ് സൈനിക ആശുപത്രി സന്ദർശിക്കുന്ന സമയത്താണ് ട്രംപ് മാസ്ക് ധരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ സൈനികരെയും ആരോഗ്യപ്രവർത്തകരെയും സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. താൻ ഒരിക്കലും മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നില്ല. എന്നാൽ അതിന് സ്ഥലവും സമയവും ബാധകമാണെന്ന് വിശ്വസിക്കുന്നു- വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുമ്പോൾ ട്രംപ് പറഞ്ഞു. 

താൻ മാസ്ക് ഉപയോഗിക്കില്ലെന്ന് നേരത്തെ ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ തന്നെ ഈ നിലപാട് അദ്ദേഹം പരസ്യമാക്കി. സന്തത സഹചാരികൾ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ് തീരുമാനം മാറ്റാൻ തയാറായിരുന്നുമില്ല. പ്രസിഡന്‍റിന്‍റെ നിലപാട് വകവയ്ക്കാതെ പല അമേരിക്കൻ സംസ്ഥാനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. കോവിഡില്‍ നട്ടം തിരിഞ്ഞുനില്‍ക്കുന്ന രാജ്യത്ത് മാസ്ക്കിന്‍റെ അനിവാര്യതയെച്ചൊല്ലി ജനം തെരുവിവിറങ്ങി. കോവി‍ഡ് കത്തിനില്‍ക്കുമ്പോള്‍ ഒക്‌ലഹോമയിലെ തുള്‍സയില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ തിരഞ്ഞെടുപ്പ് റാലി മാസ്കിനെതിരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു. മാസ്ക് ധരിക്കാതെ പതിനായിരങ്ങള്‍ റാലിക്കെത്തി. ബ്രസീൽ പ്രസിഡന്‍റ് ജയ്ര്‍ ബോല്‍സൊനാരോയും മാസ്ക് വിരുദ്ധനായിരുന്നു. എന്നാൽ‌ അദ്ദേഹത്തിന് അടുത്തിടെ കോവിഡ് പിടിപെട്ടു. ഇതോടെ അദ്ദേഹവും മാധ്യമങ്ങൾക്ക് മുന്നിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed