തിരികെയെത്തുന്നവർക്ക് ക്വാറന്‍റൈൻ വേണ്ടെന്ന ബ്രിട്ടീഷ് നിലപാടിനെതിരെ പോർച്ചുഗൽ
ലിസ്ബണ്‍: കോവിഡ് വ്യാപനത്തോത് നേരിയ രീതിയിൽ കുറഞ്ഞതിനു പിന്നാലെ ബ്രിട്ടനിൽ നൽകിയ ഇളവുകളിൽ അതൃപ്തി പ്രകടിപ്പിച്ച് പോർച്ചുഗൽ. ബ്രിട്ടനിലക്ക് തിരികെയെത്തുന്നവർക്ക് ക്വാറന്‍റൈൻ വേണ്ട എന്ന തീരുമാനമാണ് പോർച്ചുഗലിനെ ചൊടിപ്പിച്ചത്. ഈ തീരുമാനം ശുദ്ധമണ്ടത്തരമാണെന്നും യുക്തിക്ക് നിരക്കാത്തതാണെന്നും പോർച്ചുഗൽ വിദേശകാര്യമന്ത്രി അഗസ്റ്റസ് സാന്‍റോസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ക്വാറന്‍റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധ നിയന്ത്രണാതീതമായ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് മാത്രമേ 14 ദിവസത്തെ നിരീക്ഷണം ആവശ്യമുള്ളുവെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നത്. ഈ തീരുമാനം തങ്ങളെ ഏറെ നിരാശരാക്കിയെന്നാണ് പോർച്ചുഗൽ വിദേശകാര്യമന്ത്രി പറഞ്ഞത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏഴുതവണ പോർച്ചുഗലിനേക്കാൾ മുന്നിലെത്തിയ രാജ്യമാണ് ബ്രിട്ടനെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിനും സുഹൃദ് രാഷ്ട്രങ്ങളുടെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള വഴി ഇതല്ലെന്നും സാന്‍റോസ് തുറന്നടിച്ചു.

