പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ചൈനയുടെ സഹായം തേടി; ട്രംപിനെതിരെ ഗുരുതര ആരോപണം


വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടൻ. ഈ വർഷം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്നെ സഹായിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗിനോട് ട്രംപ് അപേക്ഷിച്ചെന്നാണു ബോൾട്ടന്‍റെ ആരോപണം

അടുത്തുതന്നെ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്‍റെ ഓർമ്മകുറിപ്പുകളിലാണ് ട്രംപിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നത്. പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ജിൻ പിംഗിനെ സന്തോഷിപ്പിക്കാൻ ചൈനയിൽനിന്ന് കാർഷിക ഉത്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ ട്രംപ് തീരുമാനിച്ചുവെന്നും ബോൾട്ടൻ "ദി റൂം വേർ ഇറ്റ് ഹാപ്പൻഡ്’ എന്ന പുസ്തകത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ട്രംപും പിംഗും തനിച്ച് ചർച്ച നടത്തിയത്. ചർച്ചയ്ക്കിടെ ട്രംപ് ചൈനയിലെ കർഷകരെകുറിച്ച് പറയുകയും പിന്നാലെ സോയാബിനിന്‍റെയും ഗോതന്പിന്‍റെയും ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്തെന്നും ബോൾട്ടൻ പറയുന്നു. പ്രസ്തുത സംഭാഷണത്തിൽ ട്രംപ് ഉപയോഗിച്ച അതേ വാക്കുകൾ തന്നെയാണ് താൻ എഴുതിയതെങ്കിലും പ്രീപബ്ലിക്കേഷൻ അവലോകന നടപടികൾ അതിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസ്തുത സംഭാഷണത്തിന്‍റെ തുടർച്ചയായി സിൻജിയാംഗിൽ ചൈന ഒരു മില്യൻ ഉയിഗർ മുസ്ലിംകളെ പാർപ്പിക്കാനായി നിർമിക്കുന്ന ക്യാന്പുകളെ ന്യായീകരിക്കുകയും ട്രംപ് അതിനെ അംഗീകരിക്കുകയും ചെയ്തെന്നും ബോൾട്ടണ്‍ അവകാശപ്പെട്ടു. 577 പേജുകളുള്ള പുസ്തകം ഈ മാസം ഒടുവിൽ പുറത്തിറങ്ങും. ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡറായിരുന്ന ബോൾട്ടണ്‍ 2018 ഏപ്രിൽ മുതൽ 2019 സെപ്റ്റംബർ വരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. 2016-ലെ തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി റഷ്യ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നതുപോലെ നവംബറിലെ തെരഞ്ഞെടുപ്പിലും വിദേശ ഇടപെടലുകളുണ്ടാകുമെന്ന യുഎസ് രഹസ്യാന്വേഷണ മുന്നറിയിപ്പുകൾക്കിടയിലാണ് ചൈനയുമായുള്ള സംഭാഷണം പുറത്തുവരുന്നത്.


ക്ലാസിഫൈഡ് വിവരങ്ങൾ അടങ്ങിയ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞ ദിവസം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പദ്ധതികൾ തടഞ്ഞില്ലെങ്കിൽ ബോൾട്ടന് ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പിനെ പിന്നാലെയാണ് വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിലെ സിവിൽ കേസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed