ഒരു മാസത്തിനുള്ളില്‍ നാല് ബാങ്കുകൾ കൊള്ളയടിച്ച പിങ്ക് ലേഡി ബാൻഡിറ്റും കൂട്ടാളിയും പിടിയില്‍
ഈസ്റ്റ് കോസ്റ്റ്: ഒരു മാസത്തിനുള്ളിൽ നാലു ബാങ്കുകൾ കൊള്ളയടിച്ച് അധികൃതരുടെ ഉറക്കം കെടുത്തിയ കൊള്ളക്കാരി പിങ്ക് ലേഡി ബാൻഡിറ്റും കൂട്ടാളിയും അറസ്റ്റിലായതായി റിപ്പോർട്ട്. അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റിൽ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത സിർസി ബെയ്സും സഹായി അലക്സിസ് മൊറാലിസുമാണ് പോലീസ് പിടിയിലായത്. ഷാർലറ്റ് സ്പീഡ് വേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഞായറാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്.
ബാങ്കുകൾ കേന്ദ്രീകരിച്ച് മോഷണം ആവർത്തിച്ച് തലവേദന സൃഷ്ടിച്ച അജ്ഞാതയായ മോഷ്ടാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10000 ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിർസിയുടെ പക്കൽ എപ്പോഴും പിങ്ക് നിറത്തിലുള്ള ബാഗ് ഉള്ളതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും സാക്ഷികളുടെ മൊഴികളിൽ നിന്നും വ്യക്തമായതിനെ തുടർന്നാണ് ഇവർക്ക് പിങ്ക് ലേഡി ബാൻഡിറ്റ് എന്ന ഇരട്ടപ്പേര് അന്വേഷണസംഘം നൽകിയത്.
കാർലിസ്ലി, പെൻസിൽവാനിയ, ഡെലവേർ, നോർത്ത് കരോലിന എന്നിവടങ്ങളിലെ ബാങ്കുകളിലാണ് സിർസിയും അലക്സിസും മോഷണം നടത്തിയത്. ഏറ്റവുമൊടുവിൽ നോർത്ത് കരോലിനയിലെ ബിബി& ടി ബാങ്കിലാണ് ഇവർ പണത്തട്ടിപ്പ് നടത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയിരുന്നത്.

