വജ്രവ്യാപാരി നിരവ് മോഡിയുടേയും സഹോദരിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യുഡൽഹി:വിവാദ വജ്രവ്യാപാരി നിരവ് മോഡിയുടെയും സഹോദരി പൂർവി മോഡിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. 286.13 കോടി രൂപയുടെ നിക്ഷേപമുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് സ്വിസ് അധികൃതരെ ഉദ്ധരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ നിരവിന്റെ ഇന്ത്യയിലെയും വിദേശത്തേതുമായ 2000 കോടി രൂപയുടെ ആസ്തി ഇതിനകം എൻഫോഴ്‌സ്‌മെന്റ് ഇടപെട്ട് മരവിപ്പിച്ചിരുന്നു.
വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നിരവ് നിലവിൽ ലണ്ടൻ ജയിലിലാണ്. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ലണ്ടൻ കോടതിയുടെ മുന്നിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികണക്കിന് രൂപ വായ്പ എടുത്തശേഷമാണ് നിരവ് മോഡിയും ബന്ധു മെഹുൽ ചോക്‌സിയും കുടുംബവും കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ നിന്ന് കടന്നത്. നിരവ് മോഡിയുടെ ജാമ്യാപേക്ഷകൾ ലണ്ടൻ കോടതി തള്ളിയിരുന്നു. കരീബിയൻ നാടുകളിൽ അഭയം നേടിയ മെഹുൽ ചോക്‌സിയെ നടപടികൾ പൂർത്തിയാക്കിയാൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.

