അധിക ഇറക്കുമതിത്തീരുവ ഇന്ത്യ പിൻവലിക്കണമെന്ന് ട്രംപ്
ഒസാക്ക: യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിൻവലിക്കണമെന്നും യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ 28ന് ജി20 ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന.
വർഷങ്ങളായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വർധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീർച്ചയായും പിൻവലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈകാര്യം ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യുഎസ് നടപടിക്കു മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്താൻ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയർത്തിയതിനെത്തുടർന്നാണ് ബദാം, ആപ്പിൾ അടക്കമുള്ള ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ജൂണിലെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇന്ത്യ −യുഎസ് വ്യാപാര തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നാണ് ചർച്ചയ്ക്കു ശേഷം പോംപെയോ പറഞ്ഞത്.

